ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെ ഇന്ത്യാ സഖ്യത്തിലെ പത്ത് എംപിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ അനുമതി. ഇന്ന് രാത്രി എട്ടിനാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതിയെ നേരിൽ കണ്ട് വിഷയങ്ങൾ ഉന്നയിക്കുന്നതിനായി ഇന്ത്യാ സഖ്യം സമയം തേടിയിരുന്നു.
ഇതിന് പിന്നാലെയാണ് രാഷ്ട്രപതി ഭവൻ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ആരോപണങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യവും ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച നടക്കുന്നത്. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിപക്ഷ എംപിമാർ എന്തെല്ലാം വിഷയങ്ങൾ ഉന്നയിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
രാഷ്ട്രപതി അനുമതി നൽകിയതോടെ വൈകുന്നേരം അഞ്ചിന് സെൻട്രൽ ഹാളിൽ ഇന്ത്യാസഖ്യ നേതാക്കൾ യോഗം ചേരും. അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച സിജെപി പ്രക്ഷോഭം നടത്തും. ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.